പെരുമ്പറ പാരമ്പര്യം
(ഹാപ്പി ) വെഡിംഗ് ആനിവേഴ്സറി
"കല്യാണം കഴിഞ്ഞ് രണ്ട് വർഷമായിട്ടും രണ്ടാളും ഇങ്ങനെ കറങ്ങികളിച്ച് നടക്കുവാ, മൂന്നാമതൊരാളെ ഇതുവരേയും കാണാറായില്ലല്ലോ? അതുകൊണ്ട് ഞങ്ങൾ ഹാപ്പി അല്ല, ഹാപ്പി ബ്രാക്കറ്റിൽ കിടക്കട്ടെ അതുകൊണ്ടാ അങ്ങനെ ഞാൻ വിഷ് ചെയ്തത്. "
ലോകം കീഴടക്കിയ ചക്രവർത്തിയുടെ ആർത്തട്ടഹാസമെന്നോണം ആത്മനിർവൃതി നുകർന്ന് കൊച്ചപ്പൻ തലയുയർത്തി നിന്നു.
എൻ്റെ മാതാവേ, ഇങ്ങനെയൊക്കെ വിചാരിച്ചാണോ എൻ്റെ കൊച്ചുങ്ങൾക്ക് വിവാഹ വാർഷിക ആശംസകളറിയിച്ചത് എന്ന് പകച്ചുപോയി കണ്ണുനീർ വാർത്ത് അമ്മ പതിയെ വിതുമ്പി പൊട്ടി. 
കെട്ടിയോൻ്റെ സംസാരം പെശക്കായിപ്പോയെന്ന് തിരിച്ചറിഞ്ഞ് കൊച്ചമ്മ ആശ്വാസത്തിനെത്തി.
" ഓ അത് പാരമ്പര്യമാന്നേ, ദേ ഞങ്ങൾക്ക് ഏഴ് വർഷം കഴിഞ്ഞട്ടല്ലേ ഒരു കൊച്ചിനെ ദൈവം തന്നത്. നമ്മടെ അനീത്തിക്കും, പിന്നെ നമ്മടെ അച്ചാച്ചേടെ കൊച്ചിനും കൊറേ നാള് കഴിഞ്ഞല്ലേ കൊച്ചുണ്ടായത്, നമ്മടെ കുഞ്ഞോളേച്ചീടെ പെണ്ണിനും അങ്ങനെയാർന്നു. "
ചത്തപ്പൊ റീത്ത് വെച്ചപോലെയുള്ള ആശ്വാസവാക്കുകൾ  വിതുമ്പലിനെ കരച്ചിലിലേക്ക് തള്ളിചാടിച്ചു.
സംഗതി കൈവിട്ടു പോയി വിഷയം മാറ്റിക്കളയാം എന്ന മട്ടിൽ കൊച്ചപ്പൻ്റെ അടുത്ത ചോദ്യം.
" ആ ഇളയ ചെറുക്കന് പത്തിരുപ്പത്താറ് വയസ്സായില്ലേ? ജോലിയൊന്നും ആവാതെ ഇങ്ങനെ ചുമ്മ കയറൂരി വിട്ട പോലെ നടക്കുവാണല്ലോ? "
ചോദ്യം കേട്ടുകൊണ്ട് വന്ന അപ്പ അതിനുള്ള മറുപടി നൽകി.
"പിള്ളേർടെ കാര്യം അവർ നോക്കിക്കോളും, ഇവടെ എനിക്കില്ലാത്ത പ്രശ്നം വേറെ ആർക്കാ?"
കേസ് ക്ലോസ്ഡ് !
ഞായറാഴ്ച്ച രാവിലെ വി. കുർബാനയും കഴിഞ്ഞ് പള്ളി മുറ്റത്ത് വെച്ചാണ് ഇത്രേം സംഗതികളുടെ കളി നടക്കുന്നത്.
ഞായറാഴ്ച്ച വിശുദ്ധ ദിനം, പിതാവിനും പുത്രനും പരിശുദ്ധ റൂഹാക്കും സ്തുതി.
സന്മനസ്സുള്ള ക്രിസ്ത്യാനിക്ക് പെരുത്ത് സ്തുതി.
വാൽകഷ്ണം :
⏺️കെട്ടുകഴിഞ്ഞ് രണ്ട് വർഷത്തിനുള്ളിൽ കുട്ടികൾ വേണമെന്നത് നിങ്ങൾക്ക് നിർബന്ധമാകാം, എല്ലാവർക്കും അങ്ങനെ അല്ല. 
അത് പാരമ്പര്യവും മണ്ണങ്കട്ടയുമല്ല ഫാമിലി പ്ലാനിംഗ് ആണ്.
⏺️ വായിൽ കിടക്കുന്ന നാക്ക് പിഴച്ച് പൊല്ലാപ്പ് പിടിച്ചാൽ വിഷയം മാറ്റാൻ മറ്റുള്ളവൻ്റെ ചങ്കത്തേക്ക് കേറരുത്.
⏺️ സർക്കാർ ജോലിയും, വിദേശ ജോലിയും മാത്രമല്ല നിങ്ങൾക്ക് അറിയാത്ത മറ്റ് തൊഴിലുകളും നാട്ടിലുണ്ട്, അത് ചെയ്യുന്നവരുമുണ്ട്. അങ്ങനെയുള്ളവർ കാളകളിച്ച് നടക്കുന്നതല്ല.
⏺️ മറ്റുള്ളവരുടെ ജീവിതത്തെ ക്രൂരമായ വിനോദങ്ങൾക്ക് ഇരയാക്കാതെ ഇരിക്കുക.
പിന്നെ,
 വിജയിച്ചവൻ്റെ മൂട് താങ്ങിക്കോ, പരിശ്രമിക്കുന്നവരുടെ തലയിൽ ചവിട്ടാൻ വരരുത്.
പ്ലീസ്🙏🏻
ഓ... കുടുംബക്കാര്യം എഴുതി അവൻ  നാട്ടുകാരെ അറിയിച്ചു എന്ന് വിചാരിച്ചാൽ..., 
വിചാരിച്ചോ.
എന്ന് നിങ്ങടെ തലതെറിച്ചവൻ.


.png)


Comments