ഒരു ഒക്ടോബർ കല്ല്യാണം




ഡിബിനെ, നീ വിരഹ കാമുകനാണോ?
ഇയ്യോബിന്റെ പുസ്തകത്തിനകത്ത് അപ്പൻ അലോഷിയോട് "അലോഷീ., നീ കമ്യൂണിസ്റ്റാണോ!" എന്ന് ചോദിക്കുന്ന പോലെ ഒരു ചോദ്യം അമ്മ ഇന്ന് എന്നോട് ചോദിച്ചു.

"ഈ പ്രേമം എന്ന് പറയുന്നത് മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നാണ് സാക്ഷാൽ കാറൽ മാക്സ് പോലും പറഞ്ഞിരിക്കുന്നത്.
ഈ കാത്തിരിപ്പിന്റെ ഒരു ഒരു പെയിൻ ഇല്ലേ.. അതൊരു സുഖാ!"
ചാർളിയിലെ കുഞ്ഞപ്പൻ ചേട്ടൻ്റെ ഡയലോഗും മനസ്സിലിട്ട് ഞാനൊന്ന് ചിരിച്ചു.

ജീവിതത്തിൽ ചില സമയത്തെ സംഭവവികാസങ്ങൾ ഭയങ്കര സിനിമാറ്റിക്കാണ്. ജീവിതത്തിലെ ഇത്തരം അൺ പ്രഡിക്റ്റബിൾ ജോണർ ജംബിംഗ് ഭയങ്കര ത്രില്ലിംഗ് ആണ്.
ത്രില്ലിംഗ് കുറച്ച് കുറയുമ്പോൾ ചുമ്മാ കുറച്ച് ട്വിസ്റ്റ് ഇട്ട് കൊട്ടുക്കുന്ന ആ സിനിഫൈൽ സ്വഭാവം ഞാൻ കാണിച്ചിട്ട് ഇന്നേക്ക് ഒരു വർഷമാകുന്നു.

''2023 ഒക്ടോബർ 28, എൻ്റെ കല്ല്യാണം!''

ആഗ്രഹം പോലെ അല്ലല്ലോ ജീവിതം, ഇനിയിപ്പൊ ആഗ്രഹം പോലെ ജീവിതം നടന്നാല്ലോ എന്നൊരു പരീക്ഷണം. സ്ഥിരം കാര്യാന്വേഷികളായ സകല ബന്ധുകരോടും അങ്ങോട്ടേക്ക് ചെന്നൊരു വിശേഷം പറച്ചിൽ ആയിരുന്നു അന്നത്തെ വിനോദം. 
പെണ്ണിൻ്റെ പേര്, വീട്ടുപേര്, ജോലി, വിദ്യാഭ്യാസം, സ്ഥലം, ചുറ്റുപാട്, ബന്ധുക്കൾ ഉൾപ്പെടെ സകല ഡിനോമിനേഷനുകളും പൂർണ്ണമായും പൂരിപ്പിച്ച് ഒരു സമ്പൂർണ്ണ ക്യാരറ്റൈസേഷൻ തന്നെ അങ്ങ് തിട്ടപ്പെടുത്തി അവതരിപ്പിച്ചു.
എന്ത് ചോദ്യം ചോദിച്ചാലും തിരിച്ച് ചടപട ചടപട തപ്പലും തലോടലുമില്ലാതെ ഓൺ ദ സ്പോട്ട് മറുപടി. 

എല്ലാവരും വിശ്വസിച്ചു, അല്ല വിശ്വസിപ്പിച്ചു. 

ചുമ്മാ ബഡായിയാണെന്ന് പറഞ്ഞവർ വരെ "ഏയ് അവൻ ചുമ്മാതൊന്നും പറഞ്ഞതല്ലാ, കല്ല്യാണം ഒരുക്കാൻ ചേട്ടൻ ചെറുക്കനും കെട്ട്യോളും നാട്ടിലെത്തീട്ടിണ്ട്." 
എന്ന് പറയിപ്പിച്ചു. 
ചേട്ടൻ ലീവിന് നാട്ടിൽ വരുന്നുണ്ട് എന്ന് ആകെ അറിയാവുന്ന ഞാൻ അതും ലിങ്ക് ചെയ്ത്  നടത്തിയ ടൈംലി എക്സിക്യൂഷൻ. 

ഡയലോഗ് മാത്രം പോരല്ലോ, പ്രവർത്തിയും വേണ്ടേ?
അമ്മയെ തുണിക്കടയിൽ കൊണ്ടുപോയി ചരക്കെടുക്കുന്ന സ്റ്റൈലിൽ  കുറച്ച് മന്ത്രകോടിയുടെ ഫോട്ടോസ് വരെ എടുത്ത് ഫാമിലി ഗ്രൂപ്പിൽ പോസ്റ്റിട്ടു. സോഷ്യൽ മീഡിയയിൽ മൊത്തത്തിൽ റൊമാൻറിക് പോസ്റ്റുകളും സ്റ്റോറികളും ഞാൻ വാരിവിതറി.

നിജസ്ഥിതി തിരക്കാൻ അപ്പയെ ഫോൺ
വിളിച്ച് ആരായുമ്പോൾ  "അവൻ്റെ കാര്യങ്ങൾ അവൻ പറയണപോലെ." എന്ന ഒറ്റ ഡയലോഗിൽ എന്നെ നന്നായി അറിയാവുന്ന അപ്പ കട്ടക്ക് കൂടെ നിന്നു
തിരക്കഥ ഒന്നൂടെ അങ്ങട് സ്ട്രോങ്ങാക്കി.

അങ്ങനെ ഒത്തുകൂടലായി ബഹളമായി, ആലോചനയായി, കാര്യാന്വേഷണമായി സംഗതി കളറാക്കി.

കുടുംബത്തിൽ ഇനി ഒരു കല്ല്യാണം ഉണ്ടെങ്കിൽ അത് എന്റെ കൊച്ചിന്റെ ആവണമെന്ന് ആവേശത്തോടെ കച്ചകെട്ടി ഇറങ്ങി അമ്മായിമാരും ചാച്ചന്മാരും. 

നല്ലത് സംഭവിക്കുമ്പോൾ ആത്മാർഥമായി സന്തോഷിക്കുകയും, മാറി നിന്ന് ആപ്പ് വെക്കുകയും ചെയ്യുന്ന സ്നേഹനിധികളായ ആ തങ്കക്കുടങ്ങളെ അടുത്തറിയുവാനുമുളള അവസരമായി അത് മാറി. പോരാത്തതിന് മനസ്സിലെ ആഗ്രഹങ്ങളെ യാഥാർത്ഥ്യമായി അനുഭവിക്കുന്നതിനുള്ള ഒരു സാഹചര്യവും.

എന്തായാലും ഇതേതുടർന്ന് കുടുംബത്തിൽ രണ്ടു കല്ല്യാണം അധികം വൈകാതെ തന്നെ സംഭവിക്കും. 

ശരിക്കും 2023 ഒക്ടോബർ 28 ന് എന്ത് സംഭവിച്ചു എന്നല്ലേ? 

ങാ..
അതിനി പിന്നെ പറയാം.

Comments

Top Stories