പിതാവും പുണ്യാളനും കുഞ്ഞിക്കിളിയും



ക്രിസ്തുമസ് കാലത്തെ വരവേൽക്കുന്ന ഡിസംബർ മാസത്തിന്റെ കുളിരുന്ന തണുപ്പും,
അങ്ങേക്കരയിലെ ഗീവർഗീസ് പുണ്യാളനും, ഹാൾസ് ഷിവറിംഗ്ഗാ ധ്രുവകരടിയും, പച്ച പുതച്ച കോണിപ്പടിയുടെ മുകളിലത്തെ ജോൺസൺ ചേട്ടൻ്റെ കടയിലെ പച്ച അട്ടാണിയും, കറുമുറ കറുമുറ മൊരിഞ്ഞ മഞ്ഞ പപ്പടവടയും, കറ നീലിച്ച കശുമാവിന്റെ മണവും, റേഷൻ കടയിലെ വെള്ളരിക്കഞ്ഞിയും കിരൺ ടിവിയുടെ പ്രോമോ മ്യൂസിക്കിൻ്റെ അകമ്പടിയോടെ അടുക്കളയിൽ നിന്നും എത്തുന്ന കുടംപുളിയിട്ട എരിവുള്ള മീൻ കറിയുടെ സ്വാദും, ഉരലിൽ ഇടിച്ച് പൊടിച്ച് റോസും നീലയും കളറുള്ള അരിപ്പയിൽ അരിച്ചുമാറ്റുന്ന അരിപ്പൊടിയും, ചുവപ്പും കറുപ്പും നിറത്തിലുള്ള ചാടുന്ന കുതിരയുടെ പടമുള്ള ചില്ല് ഗ്ലാസും, വറുത്ത കാപ്പിക്കുരുവിന്റെ മണവും, പിടി ഉരുട്ടിപ്പിടിച്ച് കയ്യിൽ പറ്റിയ പശപ്പും, പൽപ്പൊടിയുടെ ചവർപ്പും പച്ച ഈർക്കിളിയുടെ നാരിൻ്റെ തരിപ്പും, വെള്ളിയാഴ്ച ദിവസത്തെ ബാലരമയും, എബിസിഡി ബിസ്കറ്റും,പച്ചപ്പായലുകൊണ്ടുള്ള തോട്ടികളിയും, തേക്കിലയിൽ പൊതിഞ്ഞെടുത്ത പശുവിൻ ചാണകവും,  ഏഷ്യാനെറ്റ് മുൻഷിയും സൂര്യ ടിവിയിലെ ഇത്തിക്കര പക്കിയും, കുരുമുളകിട്ട ആട്ടിൻ സൂപ്പും, കൂവയുടെ മഞ്ഞക്കറയും, പിരിയൻ കയർ കട്ടിലിലെ ആധിപത്യത്തിനായുള്ള അടിപിടിയും, പാള വിശറിയും തടിമേശയുടെ കൈപ്പിടിയിൽ കൂട്ടമായി അണിയിച്ചിരിക്കുന്ന റബർബാന്റുകളും, കട്ടിലിനടിയിലെ പിച്ചള കോളാമ്പിയും, നീല ട്രങ്ക് പെട്ടിയും, മേശപ്പുറത്തെ നീല ലാമ്പിന് കീഴിൽ അരണ്ട വെളിച്ചത്തിൽ തിളങ്ങുന്ന ബൈബിളും ചാവി കൊടുക്കുന്ന വെള്ളി ടൈംപീസും ചെയിൻ വാച്ചും വെള്ളമുത്തുള്ള കൊന്തയും,തയ്യൽ മെഷീനും ഇരുമ്പും കസേരയുടേയും അരികിൽ മഞ്ഞ ഊന്നുവടിയിൽ താങ്ങി പിടിച്ച ചുക്കി ചുളുങ്ങിയ വിറയ്ക്കുന്ന കൈകളുടെ വാത്സല്യമുള്ള ചൂടും..,

കണ്ണടച്ച് പതിയെ ശ്വസിക്കുമ്പോൾ മനസ്സിൽ നിമിഷനേരം കൊണ്ട് മിന്നിമറയുന്ന ഈ ബാല്യകാല അനുഭൂതിയുടെ പേരാണ് 'സി.സി കുര്യാക്കോസ് '.
എൻ്റെ തല തൊട്ടപ്പൻ
ഞങ്ങടെ ഡാഡി

Comments

Top Stories