വയനാനുഭൂതി : സുഗന്ധി എന്ന ആണ്ടാൾ ദേവനായകി



ശ്രീലങ്കയുടെ പോരാട്ടവും രാഷ്ട്രീയവും ചരിത്രവും കോർത്തിണക്കി മുന്നോട്ടുപോകുമ്പോഴും ഇതെല്ലാം ലങ്കയുടെ മാത്രം കഥയല്ല എന്ന് ഇടയ്ക്കിടെ നമ്മളെ ഓർമിപ്പിക്കുന്നുണ്ട് ടി.ഡി രാമകൃഷ്ണൻ


"കാൽനൂറ്റാണ്ട് നീണ്ടുനിന്ന ഈഴപ്പോരിൽ വിജയശ്രീലാളിതനായ പ്രസിഡന്റിന് സാമാന്യം നല്ല ജന പിന്തുണയുണ്ട്.സിംഹള സമൂഹത്തിലെ ഭൂരിപക്ഷം ആളുകളും, എന്തിന് ചെറുപ്പക്കാർ പോലും അദ്ദേഹത്തെ പിന്തുണയ്ക്കുന്നുണ്ട്.ബുദ്ധമത സ്ഥാപനങ്ങളും സന്യാസി സമൂഹവും അദ്ദേഹത്തെ തങ്ങളുടെ രക്ഷകൻ ആയിട്ടാണ് കാണുന്നത്. സൈന്യത്തിലെ വലിയ ഒരു വിഭാഗം അദ്ദേഹത്തോടൊപ്പം ആണ്. കോർപ്പറേറ്റുകൾക്ക് ഏറെ പ്രിയങ്കരനാണ് അദ്ദേഹം ' ഇൻറർനാഷണൽ കാസിനോ ബിസിനസുകാരുടെ ഉറ്റതോഴൻ.ഇസ്രായേൽ ചൈന മുതലായ രാജ്യങ്ങൾ തങ്ങളുടെ താൽപര്യ സംരക്ഷണത്തിനായി അദ്ദേഹത്തെ കൈയയച്ച് സഹായിക്കുന്നുണ്ട്.അക്കത്തിന്റെ മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങളോടുള്ള വിരോധം പൊതുവേ സമാധാനകാംക്ഷികളായ സാധാരണക്കാർക്കിടയിൽ അദ്ദേഹത്തിനു വലിയ പിന്തുണയുണ്ടാകാൻ കാരണമായിട്ടുണ്ട്.മുബാറക്കിനെ യോദ്ധാസിയെയോ പോലെ ജനങ്ങളാൽ പൂർണ്ണമായി വെറുക്കപ്പെട്ടവൻ അല്ല പ്രസിഡൻ്റ് എന്ന യാഥാർത്ഥ്യം നമ്മൾ മനസ്സിലാക്കണം.

പിന്നെ എന്തിനാണ് നമ്മൾ അദ്ദേഹത്തെ എതിർക്കുന്നത്?വളരെ കൃത്യമാണ് ഉത്തരം.ലോക ചരിത്രത്തിലെ ഏറ്റവും സമർത്ഥനായ ഏകാധിപതിയാണ് അദ്ദേഹം.വെളുത്ത കുപ്പായത്തിനും വെളുക്കയുള്ള ചിരിക്കും പിന്നിൽ ഫാസിസത്തിന്റെ പല്ലും നഖവും വ്യക്തമായി കാണാം.അദ്ദേഹത്തിൻറെ എല്ലാ പ്രവർത്തനങ്ങളും ഫാസിസ്റ്റ് സ്വഭാവമുള്ളതാണ്.എതിർപ്പിന്റെയും വിയോജിപ്പിന്റെയും ശബ്ദങ്ങളെ എല്ലാം തന്ത്രപൂർവം അടിച്ചമർത്തുകയാണ്.അഭിപ്രായസ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും പൂർണമായും നിഷേധിക്കപ്പെട്ടിരിക്കുന്നു.സത്യസന്ധമായ പത്രപ്രവർത്തനം അസാധ്യമാണ് ഇവിടെ. ലസാന്ത വിക്രമതും ഗയെപ്പോലെ നിരവധി പത്രപ്രവർത്തകരാണ് കഴിഞ്ഞ ഏതാനും വർഷങ്ങളിലായി കൊല്ലപ്പെട്ടത്.അതുപോലെതന്നെ ലോകം കണ്ട ഏറ്റവും വലിയ യുദ്ധ കുറ്റവാളി കൂടെയാണ് അദ്ദേഹം. ഈഴപ്പോറിൽ സുമാർ മുക്കാൽ ലക്ഷത്തോളം സാധു മനുഷ്യരെ കൊന്നൊടുക്കുകയും അതിൻ്റെ മൂന്നോ നാലോ ഇരട്ടി ആളുകളെ അഭയാർത്ഥികളാക്കുകയും ചെയ്തതിന്റെ പൂർണ്ണമായ ഉത്തരവാദിത്തം അദ്ദേഹത്തിനാണ്.അന്താരാഷ്ട്ര സമൂഹംമുഴുവൻ അപലപിച്ചിട്ടും അത് ആഭ്യന്തര പ്രശ്നമാണെന്ന് പറഞ്ഞ് സ്വയം ന്യായീകരിക്കുകയാണ് നമ്മുടെ പ്രസിഡൻ്റ്. "

ചരിത്രത്തെ വളച്ചൊടിക്കുക മാത്രമല്ല ചരിത്രത്തെ വക്രീകരിച്ച് മെനഞ്ഞുണ്ടാക്കുന്ന ഭരണകൂടം ലങ്കയുടെ മാത്രം ദുർവിധിയുമല്ല.

"ഇതിനു സമാന്തരമായിത്തന്നെയാണ് സർക്കാരിൻ്റെ വിദ്യാഭ്യാസ സാംസ്‌കാരികരംഗങ്ങളിലെ പ്രവർത്തനങ്ങൾ. വളരെ ആസൂത്രിതമായിട്ടാണ് ഓരോ കാര്യങ്ങളും നടപ്പാക്കുന്നത്. ചരിത്രം തിരുത്തിയെഴുതാനുള്ള വലിയ ശ്രമങ്ങളാണ് നടക്കുന്നത്. മഹാവംശ മിത്തിന് ബലംപോരെന്നു തോന്നി ആർക്കിയോളജി ഡിപ്പാർട്ട്മെന്റിലെ ശിങ്കിടി കളെ ഉപയോഗിച്ച് ഒരു വ്യാജചരിത്രംതന്നെ തയ്യാറാക്കുകയാണ്. നമ്മുടെ കലയും സംഗീതവും, എന്തിന് സിനിമവരെ, സർക്കാർ അതിനു വേണ്ടി വളരെ സമർത്ഥമായി മാനിപ്പുലേറ്റ് ചെയ്യുകയാണ്. അതിൻറെ മറ്റവും വലിയ ഉദാഹരണമാണ് രജനി തിരണഗാമയുടെ ജീവിതത്തെ ക്കുറിച്ച് ഗവൺമെന്റ് കോപ്രൊഡ്യൂസറായി Woman Behind the Fall of Tigers എന്നപേരിൽ സിനിമയെടുക്കുന്നത്. രജനി മുന്നോട്ടു വെച്ച തിലപാടുകൾക്ക് യാതൊരു വിലയും കല്പിക്കാത്ത പ്രസിഡന്റുറും കൂട്ടരും അവരുടെ ജീവിതകഥ ഇയക്കത്തെ ആക്ഷേപിക്കാനുള്ള ആയുധമെന്ന നിലയിലാണ് ഉപയോഗിക്കുന്നത്."

അടിച്ചമർത്തപ്പെട്ട വേട്ടയാടപ്പെട്ട പീഡിപ്പിക്കപ്പെട്ട സ്ത്രീ ദേവരൂപമായി മാറി പ്രതികാരമൂർത്തിയായി ആടിത്തിമിർക്കുകയും ജനത്തിന്റെ രക്ഷയ്ക്കായി കാവൽ നിൽക്കുകയും ചെയ്യുന്നു എന്ന മിത്തിക്കൽ എലമെൻ്റ് ദേവകോലത്തിന്റെ ഉറവിടത്തിന്റെ സ്വീകാര്യമായ സൂചന കൂടിയായി നോവൽ മാറുന്നുണ്ട്.

"സുസാന സുപിന എഴുതിത്തീർന്ന ദിവസംതന്നെ ബുദ്ധനാരും  നിർവാണം പ്രാപിച്ചുവെന്നു കരുതപ്പെടുന്നു. നായാട്ടിനെത്തിയ ആദിവാസികളായ വേടന്മാർക്കാണ് സിംഹശൈലത്തിൽനിന്നും സുസാന സുപിനയുടെ പ്രതി കണ്ടുകിട്ടുന്നത്. നരഭോജികളായ അവർ ബുദ്ധനാരുടെ എല്ലുംതോലും മാത്രമായ മൃതശരീരം ഉപേക്ഷിച്ച് താളിയോലഗ്രന്ഥം മാത്രമെടുക്കുകയാണ്. അക്ഷരാഭ്യാസമില്ലാത്തതിനാൽ അവർ ഈ ഗ്രന്ഥത്തിന് എന്തോ അത്ഭുതശക്തിയുണ്ടെന്നു വിശ്വസിച്ച് അതിനെ പൂജിക്കാൻ തുടങ്ങുന്നു. പക്ഷേ, അതിനെ തുടർന്ന് എലഹഗല ഗ്രാമത്തിൽ പല അത്ഭുതങ്ങളും സംഭവിക്കുന്നു. അധിനിവേശക്കാരായ സിംഹളരുടെ ആക്രമണങ്ങൾ പൂർണ്ണമായും അവസാനിക്കുന്നു. വന്യമൃഗങ്ങൾ ബഹുമാനത്തോടെ വഴിമാറിപ്പോകുന്നു. പ്രകൃതി അവരുടെ ഇച്ഛയ്ക്കനുസരിച്ച് മാത്രം പ്രവർത്തിക്കുന്നു. മഴ വേണമെന്നു തോന്നിയാലുടനെ മഴ.വെയിൽ വേണമെങ്കിൽ വെയിൽ. വയലുകൾ എപ്പോഴും
വിളഞ്ഞുകിടക്കുന്നു.
ദേവനായകയുടെ മൃതശരീരം ഭക്ഷിച്ചതും ഇത് ഏലഹഗല ഗ്രാമത്തിലെ വേടന്മാർ തന്നെയായിരുന്നു. അവർ ദേവനായകയുടെ
അനുഗ്രഹം ലഭിച്ച പ്രത്യേക വംശമായിട്ടാണ് കണക്കാക്കപ്പെടുന്നത്.   കാരണം നിർവാണം പ്രാപിച്ചശേഷം ദേവനായകി അവർക്കാണ് ആദ്യ ദർശനം നൽകിയത്. ജ്വലിക്കുന്ന പ്രതികാരദേവതയായിട്ടാണ് അവർക്കു മുന്നിൽ അവൾ
പ്രത്യക്ഷപ്പെട്ടത്. ദേവനായ കിയെ അവർ തങ്ങളുടെ ദേവതയായി ആരാധിച്ചു. ചോളപ്പട സിംഹശൈലം ആക്രമിച്ചതും കാതടപ്പിക്കുന്ന സ്ഫോടനങ്ങളോടെ മഹീന്ദന്റെ സ്വപ്നനഗരം തകർത്തതും അവളുടെ കഴിവുകൊണ്ടാണെന്ന് അവർ വിശ്വസിച്ചു. അതിൻ്റെ ഓർമ്മയ്ക്കായി അവർ എല്ലാ വർഷവും ദേവനായകി കോലം കെട്ടിയാടാൻ തുടങ്ങി. അതാണ് പിന്നീട് ദൈവക്കോലമായി മാറിയത്.

ദൈവക്കോലം സിഗിരിയയ്ക്ക് സമീപമുള്ള എലഹഗല ഗ്രാമത്തിലും അടുത്തുള്ള മറ്റു ചില ഗ്രാമങ്ങളിലും മാത്രമേ കെട്ടിയാടാറുള്ളൂ. ശ്രീലങ്കയിലെ മറ്റു കോലങ്ങളിൽനിന്നു വ്യത്യസ്‌തമായി പൊയ്‌മുഖങ്ങളുപയോഗിക്കാതെയാണ് ഈ കോലം കെട്ടിയാടുന്നത്. നല്ല ആരോഗ്യവും അവയവ സൗഭാഗ്യവുമുള്ള യുവതിയാണ് ദൈവക്കോലം കെട്ടുക. എണ്ണക്കരിയും അരിമാവും മഞ്ഞളും നൂറും വാകപ്പൊടിയുമെല്ലാം ചേർന്ന വർണ്ണാഭമായ മുഖമെഴുത്താണ് ദൈവക്കോലത്തിന്റെ ഗാംഭീര്യം. കുരുത്തോലകൊണ്ടാണ് കിരീടവും ഉടയാടകളും. ദൈവക്കോലത്തോടൊപ്പം സിംഹത്തിൻ്റെ പൊയ്‌മുഖംവെച്ച രാജാക്കോലവും മറ്റ് രാക്ഷസക്കോലങ്ങളുമുണ്ട്. പതിന്നാല് ദിവസം നീണ്ടുനിൽക്കുന്ന വളരെ സങ്കീർണ്ണമായ നിരവധി അനുഷ്‌ഠാനങ്ങൾക്കു ശേഷം ഒരു അമാവാസി ദിവസത്തിലാണ് അവസാനത്തെയാട്ടം. അർദ്ധരാത്രി ആളിക്കത്തുന്ന അഗ്നികുണ്ഡ‌ത്തിനു മുന്നിൽ ബേരച്ചെണ്ടയുടെ ചടുലതാളം ഉച്ചസ്ഥായി യിലാവുമ്പോൾ ദൈവക്കോലത്തിൻ്റെ മുലകൾ രാജാക്കോലം അറുത്ത് എറിയുന്നതോടെയാണ് ചടങ്ങുകളവസാനിക്കുക. സിംഹളരിൽനിന്നു നാടിനെയും വേടവംശത്തെയും രക്ഷിക്കാനായി നടത്തുന്ന ഈ കോലം സിംഹള ഭരണാധികാരികളറിയാതെ വളരെ രഹസ്യമായിട്ടാണ് നടന്നുവന്നിരുന്നത്. ഭൂരിപക്ഷ സിംഹളർക്കെതിരെയുള്ള ആചാരമായതിനാൽ അതൊരിക്കലും ശ്രീലങ്കയുടെ പാരമ്പര്യത്തിന്റെ ഭാഗമായി പരിഗണിക്കപ്പെട്ടതുമില്ല. പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ ബ്രിട്ടീഷുകാർ പ്രാകൃതമായ ആചാരമാണെന്നു പറഞ്ഞ് ദൈവക്കോലം നിരോധിക്കുകയും ചെയ്‌തു. എങ്കിലും വളരെ രഹസ്യമായി അതിപ്പോഴും ചില സ്ഥലങ്ങളിൽ നടക്കുന്നുണ്ട്. അത്തരത്തിൽ മുല മുറിക്കപ്പെടുന്ന പെൺകുട്ടിക്ക് അമാനുഷമായ സിദ്ധികൾ കൈവരുമെന്നും അവൾ അതുപയോഗിച്ച് ദുഷ്‌ടരായ സിംഹള ഭരണാധികാരികളെ കൊന്നൊടുക്കുമെന്നും വിശ്വസിക്കപ്പെടുന്നു."

രോഹന വിജിവീര, ലസാന്ത വിക്രമതുംഗ, ശിരാനി ബണ്ടാരനായകെ, സുപ്പാദേവി, ആനന്ദ സമരകൂൺ പിന്നെ
ഡോ. രജനി തിരണഗാമ എല്ലാവരുടേയും സുസാന സുപിനയായ് വായനക്കാരുടെ മനം മാറുന്നു.

"വിമാനം പറന്നുയർന്നപ്പോൾ ഞാൻ ദേവനായകിയെ കണ്ടു. കത്തിയെരിയുന്ന കൊളംബിൽനിന്ന് ഒരു കാൽ സിഗിരിയയിലും അടുത്ത കാൽ ശ്രീപാദമലയിലുംവെച്ച് കാന്തള്ളൂരിലേക്ക് അവൾ എന്നോടൊപ്പം ആകാശത്തിലൂടെ നടക്കുകയാണ്. അതോടൊപ്പം അവളെഴുതി അരുൾമൊഴിനാങ്കെ പാടിയ വരികൾ എൻ്റെ ചെവിയിൽ മുഴങ്ങി.

I am SAD SAD SAD
I am MAD MAD MAD 
Kill me Kill me Kill me 
Fxxk Me Fxxk Me Fxxk Me

കനവ് തുലൈന്തവൾ നാൻ 
കവിതൈ മറന്തവൾ നാൻ 
കാതൽ കരിന്തവൾ നാൻ 
കർപ്പ് മുറിന്തവൾ നാൻ

I am SAD SAD SAD 
I am MAD MAD MAD 
Kill me Kill me Kill me 
Fxxk Me Fxxk Me Fxxk Me "

എന്നിലെ വായനക്കാരന് നിർവ്വാണം സമ്മാനിച്ച നോവൽ ____സുഗന്ധി എന്ന ആണ്ടാൾ ദേവനായകി 


Comments

Top Stories