വായനാനുഭൂതി: നന്തനാരുടെ കഥകൾ

വീണ്ടും ഒരു മഴക്കാലം. എല്ലാ മഴക്കാലത്തും, പ്രത്യേകിച്ചും മിഥുനം മഴയില്‍ മദിക്കുമ്പോള്‍ നന്തനാര്‍ ഓര്‍മകളില്‍ പെയ്തുതുടങ്ങും. അങ്ങാടിപ്പുറത്തെ വീടിന്റെ ഇറയവും. മഴക്കാലത്തെ ക്ലീഷേകളായി തൂവാനത്തുമ്പിയും ജോണ്‍സണ്‍ മാഷും കട്ടന്‍ചായയും പെയ്യുമ്പോള്‍ എന്റെ ഓര്‍മകളില്‍ ഇറ്റുവീഴുക നന്തനാരാണ്. ഉണ്ണിക്കുട്ടന്റെ ലോകവും പട്ടാള ക്യാംപുകളുടെ കഥകളും ആത്മാവിന്റെ നോവുകളും പറഞ്ഞ എഴുത്തുകാരന്‍.
"പുലരിത്തുടുപ്പ് അരിച്ചരിച്ചെത്തുന്ന മുറിയിൽ, ചാരുകസേരയിൽ, ഞാൻ കിടന്നു.

പുലരിത്തുടുപ്പും സാന്ധ്യപ്രകാശവും പൂനിലാവും തുള്ളിച്ചാടിക്കളിക്കുന്ന ആട്ടിൻകുട്ടികളുമമൊക്കെയുള്ള ഈ ലോകത്തിൽനിന്നു ഞാനിതാ യാത്രയാവുന്നു.

സമയമടുത്തുകഴിഞ്ഞു. മരണമെന്ന ശാശ്വതസത്യത്തിൽ ലയിക്കാനുള്ള സമയം അടുത്തുകഴിഞ്ഞു.

ചിരിച്ചുകൊണ്ടുവേണം മരിക്കാൻ; ഞാൻ ചിരിച്ചു. സംതൃപ്തമായ ചിരി.

പെട്ടെന്ന്, തട്ടുത്തരത്തിൽനിന്ന്, ആ വേട്ടാളൻകൂട്, വീണ്ടും താഴത്തേക്കു വീണു. കൺമുമ്പിൽ, അത്ഭുതലോകം വീണ്ടും അനാവരണമാകുന്നു. മഞ്ഞുറഞ്ഞു കിടക്കുന്ന, ശീതക്കാറ്റ് ആഞ്ഞടിച്ചാർക്കുന്ന, വൃക്ഷങ്ങളുടെ അസ്ഥിപഞ്ജരങ്ങൾ മാത്രമുള്ള, തണുപ്പിന്റെ അദൃശ്യ അലകൾ ഇഴുകിച്ചേർന്ന, അത്ഭുതലോകം!

പാതാളത്തിന്റെ അഗാധതയിൽനിന്നെന്നോണം മുഴങ്ങുന്ന ശബ്ദം: "ഞാനിതാ വരുന്നു....ഞാനിതാ വരുന്നു....ഞാനിതാ വരുന്നു!'

മരണത്തിന്റെ ശബ്ദം; മരണത്തിൻ്റെ കാലടിയൊച്ചകൾ; മരണത്തിൻറെ മണിനാദം; മരണത്തിന്റെ മണം!

എന്നിൽ തണുപ്പ് അരിച്ചരിച്ചുകയറുന്നു.

എൻ്റെ കണ്ണുകളിതാ അടയുന്നു!

എന്റെ ശ്വാസഗതിയിതാ നിലയ്ക്കുകയായി!

ലോകമേ, വിട!

മരണമേ! സ്വാഗതം!"
                               _ നന്തനാരുടെ കഥകൾ

നന്ദനാരുടെ അവസാനനിമിഷങ്ങൾക്ക് സാക്ഷിയായ കെട്ടിടം.

Comments

Top Stories