വായനാനുഭൂതി : ഒരു കുടയും കുഞ്ഞുപെങ്ങളും
ഒരുപാടു കടുകട്ടി പുസ്തകങ്ങൾ ഓക്കെ സ്ഥിരം വായിച്ച് കഴിയുമ്പോൾ മനസിന് ഒരു നിശ്ചലത തോന്നും. അപ്പോൾ വീണ്ടും ആദ്യമായി അക്ഷരങ്ങളുടെ ലോകത്തേക്ക് കടക്കാൻ കാരണക്കാരായ എഴുത്തുകാർ മനസിലേക്ക് വരും. അങ്ങനെയാണ് ഒരു കുടയും കുഞ്ഞുപെങ്ങളും എന്റെ കൈയിൽ എത്തുന്നത്.
മലയാള ബാലസാഹിത്യ രംഗത്തെ എക്കാലത്തെയും ഹൃദയസ്പർശിയായ നോവലാണ് മുട്ടത്തു വർക്കിയുടെ ഒരു കുടയും കുഞ്ഞുപെങ്ങളും . സഹോദരസ്നേഹത്തിന്റെ നൈർമല്യവും അനാഥത്വത്തിന്റെ ദുഖഭാരവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളെന്നപോലെ മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു.
ദുഷ്ടയായ പേരമ്മയുടെ ഇടപെടലും ,വിധിയുടെ ക്രൂരതയും ഈ രണ്ടു നിഷ്കളങ്ക ഹൃദയങ്ങളെ അകറ്റുന്നതും ,പിന്നീട് അതെ വിധിയുടെ അത്ഭുതകരമായ വഴിത്തിരിവുകൾ അവരെ കൂട്ടിയിണക്കുന്നതുമാണ് ഈ ലളിതമായ രചനയുടെ ഇതിവൃത്തം. ഈ രണ്ടു കുട്ടികളുടെ അനുഭവങ്ങളിലൂടെ ലോകത്തിലെ നന്മതിന്മകളും രചയിതാവ് വിളിച്ചോതുന്നു.
ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ, അനാഥത്വത്തിന്റെ ഹൃദയഭാരവും പേറി ജീവിക്കുന്ന രണ്ടു നിസ്സഹായ ഹൃദയങ്ങളിൽ നിന്നാണ് കഥ തുടങ്ങുന്നത്. ദാരിദ്രയായ ലില്ലിയെ പണക്കാരിയായ ഗ്രേസി പരിഹസിക്കുകയും തന്മൂലം ബേബി പകരം വീട്ടാനായി അവളെ മുറിപ്പെടുത്തുകയും ,തുടർന്ന് നാട്ടുകാരുടേയും പേരമ്മയുടെയും രോഷം ഭയന്ന് ബേബി തന്റെ പാതി ഹൃദയമായ ലില്ലിയെ ഉപേക്ഷിച്ചു ഗ്രാമത്തിൽനിന്ന് ഒളിച്ചോടുന്ന സന്ദർഭത്തിൽ കഥ ആരംഭിക്കുന്നു. പോരുമ്പോൾ സ്വർണ പിടിയുള്ള കുട വാങ്ങിത്തരാം എന്ന് ലില്ലിക്കു ഉറപ്പുകൊടുത്തിട്ടാണ് ബേബി പോകുന്നത്. തുടർന്ന് ലില്ലിയും തന്റെ ചെറ്റക്കുടിൽ ഉപേക്ഷിക്കാൻ നിർബന്ധിതയാവുന്നു. ബേബി ജീവിതത്തിന്റെ തീക്ഷ്ണമായ വശങ്ങളിലൂടെ കടന്നുപോകുമ്പോൾ,ലില്ലി ഒരു കുടുംബത്തിന്റെ ഭദ്രതയിൽ എത്തിപ്പെടുന്നു.
ബേബി തുടക്കത്തിൽ കടന്നുപോകുന്ന കഷ്ടപ്പാടുകളിലൂടെ സ്വാർത്ഥവും കപടവുമായ ലോകത്തിന്റെ ഇരുണ്ട ഉള്ളറകളിലേക്ക് ഗ്രന്ഥകാരൻ വെളിച്ചം വീശുന്നു. പിന്നീട് ബേബിയെ സൌദാമിനി എന്ന സ്ത്രി സ്വന്തം അനുജനെ എന്നപോലെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു.എന്നാൽ സൗദാമിനിയുടെ ബന്ധുക്കൾ ബേബിയോട് കാണിക്കുന്ന അകല്ചയിലൂടെ നാമെങ്ങനെ സ്വാർത്ഥരാവുന്നു എന്നു ഗ്രന്ഥകാരൻ കാണിക്കുന്നു.
മറുവശത്ത്, ഡോക്ടർ ജോണിന്റെ സംരക്ഷണയിൽ ലില്ലിക്കു വിദ്യാഭാസവും നല്ല ജീവിതവും ലഭിക്കുന്നു. ഡോക്ടർ ജോണിലൂടെ മനുഷ്യമനസ്സിന്റെ വറ്റാത്ത നന്മ ഊട്ടിയുറപ്പിക്കപെടുന്നു. അത്യന്തം ഹൃദയസ്പർശിയായ സന്ദർഭങ്ങളിലൂടെ പുരോഗമിക്കുന്ന കഥ ബേബിയുടെയും ലില്ലിയുടെയും ഒത്തുചേരലിൽ അവസാനിക്കുന്നു.കഥാന്ത്യം,ലില്ലിയും ബേബിയും സന്തോഷകരവും ഭദ്രവുമായ ജീവിതം നയിക്കുന്നതായി കാണിക്കുന്നു.
ബേബിയും ലില്ലിയും ഇനി എപ്പോഴും എന്റെ മനസിന്റെ കോണിൽ ഉണ്ടാകും.അവരുടെ സ്നേഹം മറ്റെന്തിനെക്കാളും അമൂല്യവും നിഷ്കളങ്കവുമാണ്.
ബേബിക്ക് അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങൾ നെഞ്ചുലയ്ക്കും. ലില്ലിക്കൊരു കൊച്ച് കുടയുമായി ബേബി എത്തുന്നത് കാണാൻ നാം ഒത്തിരി ആഗ്രഹിക്കും. ജീവിതത്തിൽ എന്തൊക്കെ പ്രതിസന്ധികൾ വന്നാലും, നമ്മളിൽ നന്മ ഉണ്ടെങ്കിൽ അവസാനം സാഹചര്യങ്ങളൊക്കെ നമുക്ക് അനുകൂലമായി വരുമെന്നും എല്ലാം ശുഭ സമാപ്തിയിൽ ഭവിക്കുമെന്നും ഈ പുസ്തകം ഓർമപ്പെടുത്തുന്നു..
മനസ്സ് കുറച്ച് സംഘർഷാവസ്ഥയിൽ ആയിരുന്നു. ഇപ്പോൾ കുറച്ച് സമാധാനം തോന്നുന്നു.വലിയ വലിയ പുസ്തകങ്ങൾ വായിക്കുന്ന കൂട്ടത്തിൽ ഇങ്ങനെ ഇടക്ക്,
ചെറിയ ചെറിയ സുന്ദര പുസ്തകങ്ങൾ വായിക്കണം എന്നാണ് എന്റെ ഒരു ഇത്..
ലോകം എന്തൊരു ചെറിയത് ആണെന്ന് മനസ്സിലാക്കാൻ..
കുഞ്ഞ് കുഞ്ഞ് ആഗ്രഹങ്ങൾ ആയി ലോകത്ത് എന്തോരം മനുഷ്യരാ ഉള്ളത് എന്ന് അറിയാൻ..
നമ്മൾ എല്ലാവരും എന്ത് ഭാഗ്യം ചെയ്തവർ ആണെന്ന് വെറുതെ ഒന്ന് ആലോചിക്കാൻ..
അല്ലെങ്കിലും ഇങ്ങനെയുള്ള ചില പുസ്തകങ്ങൾ ഒക്കെ നമുക്ക് തരുന്നത് ഗൃഹാതുരത്വത്തിന്റെ മനോഹമായ അനുഭൂതികളാണ്.
Comments