Fall IN Love : ഫോൾ ഇൻ ലവ് ♥️
ഒരാളെ പ്രേമിക്കുമ്പോൾ അവർക്ക് മാത്രമറിയാവുന്നൊരു ആനന്ദം മനുഷ്യർ അനുഭവിക്കാറുണ്ട്. അതിനൊരു രഹസ്യ സ്വഭാവം തന്നെയുണ്ടാകാം. തനിക്ക് പ്രേമം തോന്നിയ ആളെയൊന്ന് കാണുമ്പോൾ, അവരുടെ സാമീപ്യത്തിലാകുമ്പോൾ, അവരോട് മിണ്ടുമ്പോൾ, പ്രേമാതുരമായ നോട്ടങ്ങൾ ജനിക്കുമ്പോൾ, ചുംബിക്കുമ്പോഴൊല്ലാം
മനുഷ്യരിൽ നിറയുന്ന ആ അനുഭൂതിക്ക്
ആർക്കുമറിയാൻ കഴിയാത്ത സന്തോഷം നല്‌കാനാകും കഴിയുന്നത്! അതിന്റെ വശ്യതയിൽ അകപ്പെട്ട ഒരു വ്യക്തിയാണെങ്കിൽ ആ രഹസ്യമായ ആനന്ദത്തിന്റെ കണികകളെ പുറമെ പ്രകടിപ്പിക്കാൻ ആഗ്രഹിക്കുകയുമില്ലെന്ന് തോന്നുന്നു.
പ്രേമത്തെ അറിഞ്ഞ് തുടങ്ങുമ്പോൾ ഒരു മഴ തനിക്കായി മാത്രം പെയ്യുന്നുണ്ടെന്നും അത് തൻ്റെയുള്ളിൽ കുളിർമ പടർത്തുന്നുവെന്ന പ്രതീതി തന്നെയാകും പലരിലും.
പൂത്ത കാട് പോലെയും വിരിഞ്ഞു നിൽക്കുന്ന മഴവില്ല് പോലെയുമൊക്കെ ഉള്ളിൽ പ്രേമം നിറഞ്ഞ് നിൽക്കുകയെന്നാൽ, മതിമറന്നാസ്വദിക്കുന്ന സ്വപ്‌നത്തിൽ ഒഴുകി നടക്കുന്ന പോലെയാകും. അതിൻ്റെ ലഹരിയിൽ അവർ ഉന്മത്തരാകുകയും പ്രേമവിചാരങ്ങളിലെല്ലാം രഹസ്യമായ തുടിപ്പുകൾ അവർ ജനിപ്പിക്കുകയും ചെയ്യും.
പ്രണയിതാവിനെപ്പോലും അറിയിക്കാതെ മനുഷ്യർ ആസ്വദിക്കുന്ന
പ്രേമവിചാരങ്ങൾക്കും ചാപല്യങ്ങൾക്കും അസാധ്യമായ മത്ത് തന്നെയാകും.
കണ്ണുകളടച്ച് കിടക്കുമ്പോൾ പ്രേമത്തിന്റെ തീരത്ത് എത്തിപ്പെടാൻ ഇഷ്ടമുള്ള മനുഷ്യരുമുണ്ട്. അല്ലെങ്കിൽ പ്രേമതീരത്തിൽ എത്തിപ്പെടാൻ കണ്ണുകൾ അടച്ചൊന്ന് പ്രേമവിചാരങ്ങളിൽ മുഴുകിയിരിക്കുന്നവരുമുണ്ട്. അവിടെ അവർ പാകുന്ന പ്രേമത്തിൻ്റെ വിത്തുകളാൽ സർവ്വവും ഭംഗിയുള്ളതായി തോന്നും. ഞാൻ നിന്നെ പ്രേമിക്കുന്നുവെന്നവർ ശാന്തമായും മൃദുവായും പറഞ്ഞ് കൊണ്ടിരിക്കും.
അതാകട്ടെ ആരും കേൾക്കുകയുമില, അല്ലെങ്കിലും മനുഷ്യർ ഏറ്റവും കൂടുതൽ പ്രേമം പറഞ്ഞിട്ടുള്ളത് മറ്റാരും കേൾക്കാതെ തന്നെയുമാകുമല്ലോ!
എന്തായാലും ഒരാളെ പ്രേമിക്കുന്നതിൽ അവർക്ക് മാത്രമറിയാവുന്ന ഒരു ആനന്ദം തന്നെയുണ്ടാകും! അത് തന്നെയാകും പിന്നെയും പിന്നെയും പ്രേമത്തിന്റെ പാതകളിലേക്ക് അവരെ
കൊണ്ടെത്തിക്കുന്നതും.
ആ രഹസ്യമായ ആനന്ദം കടലുപോലെ പരന്നൊഴുകുമ്പോൾ ഓരോ കാമുകനും കാമുകിയും പാടിമുഴിപ്പിക്കാൻ കഴിയാത്ത പ്രണയഗീതത്തിന്റെ ശബ്ദങ്ങൾ തന്നെയാകുന്നു. അവരാകട്ടെ അവർക്ക് മാത്രം കേൾക്കാനായി പ്രേമത്തിന്റെ ഈരടികൾ പാടിക്കൊണ്ടിരുന്ന് പിന്നെയും പിന്നെയും രഹസ്യമായി പ്രേമിക്കുന്നു..


.png)


Comments