വിലസി വന്ന വിരസത
ഇടക്കാലത്ത് വന്നു പോകുന്ന വേനൽ മഴയേക്കാൾ വിരളമായി മാറിയിരിക്കുകയാണ് കോളേജിലെ വരാന്ത കാഴ്ച്ചകൾ. മഴയത്ത് ഊത്തടിപ്പിച്ച് നനച്ചിരുന്ന കുസൃതിയുടെ കുളിർ കാറ്റ് പിന്നെ ഇന്നോട്ട് തിരിഞ്ഞ് നോക്കിയിട്ടില്ലെന്ന് തോന്നുന്നു.
ആകെ വരണ്ടുണങ്ങിയ അവസ്ഥ.ജനൽ പടികളിലൂടെ എത്തി നോക്കിയിരുന്ന കള്ളനോട്ടത്തിന്റെ സൂര്യരശ്മികൾ എന്തോ മുഖം തിരിച്ച് നിൽപ്പാണ്. കുറുക്കന്റെ കല്യാണം കഴിഞ്ഞ് ഡിവോഴ്സിന്റെ വക്കിലാണെന്ന് തോന്നുന്നു.
അന്ന് പായസം വിളമ്പി നടന്നവർ പായസത്തിന്റെ മണമേ മറന്ന മട്ടിലാണ്.
കാറ്റിനും വെയിലിനുമൊക്കെ ക്ലാസ്സുമുറിക്കുള്ളിലെ റ്റ്യൂബ് ലൈറ്റിനും ഫാനിന്നും മുന്നിൽ തലകുനിച്ചു നിൽക്കാനാണ് വിധി. പോരാട്ടങ്ങൾ മുഴച്ച് നിന്നിരുന്ന ഇടവഴികളിൽ ഇന്ന് പരാതി പറച്ചിലിന്റെ പതിഞ്ഞ സ്വരമാണ്. തലയുയർത്തി നിന്നിരുന്ന ഞാവൽമരത്തിന്റെ തലയ്ക്കടിച്ചു ഇരുത്തിയിരിക്കുന്നു. ജെയിംസേട്ടനും രജു ചേട്ടനും പോയതിൽ പിന്നെ അനീഷേട്ടൽ ലാബിൽ ഒറ്റക്കായി. എപ്പോഴും പാട്ടും കേട്ട് ആസ്വദിച്ച് ഇരുന്ന അനീഷേട്ടന് ജോലി ഭാരത്തിന്റെ ജലദോഷമാണ്. ഒരു ഭാവ വ്യത്യാസവും ഇല്ലാതെ മൾട്ടിമീറ്റർ സൈഡിൽ നിന്നും ഒളിഞ്ഞു നോക്കുന്നുണ്ട്. ക്രിക്കറ്റും ഫുട്ബോളും കളിച്ച് ഓടി നടന്നിരുന്ന 143 ൽ ബെഞ്ചും ഡെസ്കും കുത്തി നിറഞ്ഞ് കിടക്കുന്നത് കണ്ടിട്ട് തന്നെ ശ്വാസംമുട്ടി...
ആമകുളത്തിൽ കൂത്താടികളെ മാത്രമേ കാണാനുള്ളൂ. സ്റ്റോറിൽ തേൻമിഠായി കിട്ടാനില്ല...
മടുത്തു ...
ഇനിയും കണ്ടു നിക്കാൻ വയ്യ...
കണ്ണടച്ച് പടിയിറങ്ങിയപ്പോൾ വല്ലാത്തൊരു സങ്കടം. ഒന്നു തിരിഞ്ഞു നോക്കിയപ്പോൾ എല്ലാം നിസ്സഹായനായി നോക്കി നിൽക്കുന്ന ക്ലോക്കുമുത്തച്ഛൻ...
എത്ര എത്ര ഋതുഭേദങ്ങൾ.. എത്ര എത്ര വികാരങ്ങൾ...
എല്ലാം ഉൾക്കൊണ്ടുകൊണ്ട് സമയസൂചി ചലിച്ചുകൊണ്ടേ ഇരുന്നു.
Comments