സിനിമാനുഭൂതി : കിളിച്ചുണ്ടൻ മാമ്പഴം
ചില പാട്ടുകളും സിനിമാ പേരുകളും കേൾക്കുമ്പോൾ തന്നെ നെഞ്ചിൻകൂട്ടിൽ കുളിർമഴ പെയ്യിച്ച് കുട്ടിക്കാലത്തിന്റെ ഓർമ്മകളിലേക് നമ്മെ കൂട്ടിക്കൊണ്ട് പോകും. അത്തരത്തിൽ പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണ് 2003 ൽ പുറത്തിറങ്ങിയ പ്രിയദർശൻ ചിത്രം കിളിച്ചുണ്ടൻ മാമ്പഴം.
ശ്രീനിവാസന്റെ കഥയിൽ സാബു സിറിലിന്റെ ആർട്ടും, അതിനെ ക്യാമറയിൽ ഒപ്പിയെടുത്ത് ഹൃദയം നിറച്ച് പ്രേക്ഷകന് നൽകുന്ന രവി വർമ്മനും, പിന്നെ ചേരുവകളെല്ലാം ചേർത്ത് ബി.ആർ പ്രസാദിന്റെ വരികൾക്ക് ആത്മാവ് നൽകുന്ന വിദ്യാജി കോമ്പോസിഷൻ.
സ്ക്രീനിൽ അബ്ദുവിന്റെയും ആമിനയുടേയും മുഖമായി മോഹൻലാലും സൗന്ദര്യയും ശബ്ദമായി എം.ജി ശ്രീകുമാറും സുജാതയും കൂടി എത്തുമ്പോൾ ഫേവറേറ്റ് പാട്ടുകളിലൊന്നായി നിറഞ്ഞു നിൽക്കുന്നു ' ഒന്നാംകിളി പൊന്നാംകിളി....' എന്ന പാട്ട്.
അന്നത്തെ കാലത്ത് റേഡിയോയിലും ചിത്രഗീതത്തിലും ഈ പാട്ട് കേൾക്കുമ്പോൾ തന്നെ മനസ്സിൽ വല്ലാത്ത ഒരു സന്തോഷം നിറഞ്ഞിരുന്നു. ക്യാസറ്റ് കടയിൽ പോയി സിഡി എടുത്ത് വോൾട്ടോജ് വേരിയേഷൻ ഉള്ള രാത്രിയിൽ പവർ ബൂസ്റ്ററിൽ ടിവി സെറ്റാക്കിയാണ് ആദ്യമായി ഈ സിനിമ കണ്ടത്. അബ്ദുവും ആമിനയും, ബീയാത്തു ഉമ്മയും മൊയ്ദൂട്ടി ഹാജിയും ബീവിമാരും, വെള്ളാട്ട് പോക്കറും ഇരുന്തലക്കാടൻ നമ്പൂരിച്ചനും, അബ്ദൂന്റെ സഹായി ഉസ്മാനും, ജിന്നും കാലന്തൻ ഹാജിയും, ചേക്കുട്ടിയും സുബൈദയും ഉമ്മറും എല്ലാം കൂടി അന്നേ എന്നെ ചിരിപ്പിച്ചും കരയിപ്പിച്ചും വിസ്മയിപ്പിച്ചതാണ്.
മരക്കച്ചവടം, ഇത്തപ്പഴ കച്ചവടം, കുപ്പിവള കച്ചവടം, കൂടോത്രം, ജിന്ന്, വെള്ളാട്ട്പോക്കറ്, ബാധ ഒഴിപ്പിക്കൽ, തലാക്ക് മൊഴി ചൊല്ലൽ, അങ്ങനെ പലതും അന്ന് ആ ആറ് വയസ്സുകാരന് പുതിയ അനുഭവം തന്നെയായിരുന്നു. വർഷങ്ങൾക്കിപ്പുറം പിന്നീട് പലവട്ടം ഈ സിനിമ കണ്ടിട്ടുണ്ട് , അപ്പോഴെല്ലാം തന്നെ ഒട്ടും മടുപ്പില്ലാതെ തന്നെ സിനിമ ആസ്വദിക്കാനും പറ്റിയിട്ടുണ്ട്.
"ഉണ്ടില്ല. ഉണ്ണാൻ എല ഇട്ടേക്കണ്,ചെന്ന് ബെളംമ്പി കൊടുക്കീൻ "
എന്ന് തുടങ്ങി.,
"ഹാജിയാര് ഹാലിളകി നിൽക്കാണ്, കൂടെയാ പത്ത് പതിനഞ്ച് ശൈത്താന്മാരും, കണ്ണീക്കൊട പൊന്നീച്ച പറക്കണ ബീക്കാ ബീക്കണത്." എന്നും പറഞ്ഞ് ഉസ്മാൻ കൈയ്യിൽ കിട്ടണ തെല്ലാം വാരിക്കൂട്ടുമ്പോൾ പതറാതെ നിക്കണ അബ്ദു തൊട്ടടുത്ത നിമിഷം തന്നെ ആൾക്കൂട്ടത്തെ കണ്ട് "ഡാ ... ബേഗം ബാരിയെടുക്കടാ... തീയും പൊകേം പറപ്പിച്ചോണ്ട് ഒരു കൂട്ടം ബരണ് " എന്ന് അലറി വിളിച്ച് രണ്ടാളു കൂടി കാട്ടികൂട്ടണ വെപ്രാളപ്പാടുകൾ കണ്ട് ചിരിക്കാത്തവർ ഉണ്ടാവില്ല.
"ഞമ്മള് കാണാത്തതൊന്നും ഞമ്മള് ബിസ്വസിക്കൂല്ല. "
"ങ്ങള് ദുബായ് കണ്ട്ട്ടിണ്ടാ...?"
" ഇല്ല "
" അപ്പൊ ദുബായ് ഇല്ലേ ... ?"
ഇമ്മാതിരി കൗണ്ടറുകളുടെ ആറാട്ട് കൊണ്ടു തന്നെയാണ് പടം എത്രവട്ടം കണ്ടാലും മുഷിയാത്തയ്.
അത്രയും നേരത്തെ ചിരി തമാശകൾ മാറി മറിയുന്നത് അബ്ദുവിന്റെ ഇടറിയ വാക്കുകളിലൂടെയാണ് ,
" ജ്ജ് മറക്കണം. "
" പറ്റൂല്ല, ഓള് മൊയ്ദൂട്ടിന്റെ പെണ്ണല്ല. ന്റെ പെണ്ണാ..
ഓർമ്മയുള്ള കാലം മൊതല് ഞമ്മള് ഖൽബില് വരച്ചിട്ടതാ ഓൾടെ പടം. അത് മായൂല്ല.
മായണങ്കില് ഈ അബ്ദു ചാവണം. ഓള് എന്റെ മാത്രാ...
അബ്ദൂന്റ ആമിനയാ..."
അബ്ദുവിന്റെ ആമിനയുടെ കഥയിലേക്ക് പ്രേക്ഷകനെ കൈപിടിച്ച് നടത്തുന്നത് ഈ പാട്ടിലൂടെയും. അങ്ങനെ ആകെ മൊത്തത്തിൽ വല്ലാത്തൊരു ഫീൽ നൽക്കുന്ന പാട്ടാണ് 'ഒന്നാംകിളി പൊന്നാംകിളി'. ഒരിക്കലെങ്കിലും ഈ പാട്ട് മൂളാത്ത മലയാളികളുണ്ടാവില്ല.
"അതേടാ ഉസ്മാനേ, ഈ മൊഹബത്ത്ന്ന് പറയണത് ഒരുജാതി ഭ്രാന്താന്ന്. സ്നേഹിച്ചു പോയാ പിന്നെ കണ്ണും മൂക്കും കാതും ഒന്നും തിരിയൂല്ല."
മൊഹബത്തിനെ പറ്റിയുള്ള അബ്ദുവിന്റെ വാക്കുകളേക്കാളും ഇഷ്ടം തോന്നിയത് ജീവിതത്തെ വിവരിക്കുന്ന ഈ വാക്കുകളാണ്
"കഥയുള്ളവര് പറയും ഈ ദുനിയാവില് മനുസ്യനെന്ന് പറയണത് ഒരു കുപ്പി ഗ്ലാസ്സ് പോലാണന്ന്. അയ്ല് കാപ്പീം കുടിക്കാം ചായേം കുടിക്കാം, എളനീരും കുടിക്കാം. പക്കേങ്കില് ഒന്ന് വക്കുടഞ്ഞാ പിന്നെ അത് കുപ്പേലെറിയാനേ പറ്റൂ. "
മലബാർ ഭാഷയെ വക്രീകരിച്ച് അവതരിപ്പിച്ചു , മുസ്ലീം രീതികൾ കൃതമായല്ല അവതരിപ്പിച്ചത് എന്നിങ്ങനെ പലരീതിയിലുള്ള പോരായ്മകൾ പലരും ഈ സിനിമയെ പറ്റി പറഞ്ഞു കേട്ടിട്ടുണ്ട്.
എന്തു തന്നെയായാലും ഇതിലെ ഏതെങ്കിലും പാട്ടിന്റെ ഒരു വരി കേട്ടാൽ മതി മധുരിക്കുന്ന മാമ്പഴത്തിന്റെ മണവും പതിയെ കുട്ടിക്കാലത്തിന്റെ ഓർമ്മകളുടെ കൂടെ ഒരു പുഞ്ചിരിയും മുഖത്ത് വിടരും.
💚💛 കിളിച്ചുണ്ടൻ മാമ്പഴം💛💚
Comments