സിനിമാനുഭൂതി : തട്ടത്തിൻ മറയത്ത്



പത്താം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂളിൽ നിന്നും മൂന്നാറിലേക്കുള്ള ടൂർ യാത്രയിൽ ബസ്സിൽ ഇരുന്നാണ് തട്ടത്തിൽ മറയത്ത് ആദ്യമായി കാണുന്നത്.
അന്ന് കേട്ട് കേട്ട് ഭ്രാന്തമായ ഹരം പിടിപ്പിച്ച തട്ടത്തിൻ മറയത്തിലെ പാട്ടുകൾ എല്ലാംതന്നെ സിനിമ കാണുന്നതിനുള്ള ആവേശം വല്ലാതെ കൂട്ടിയിരുന്നു.

മൂന്നാറിന്റെ മനസ്സ് കവരുന്ന തണുപ്പിന്റെ അകമ്പടിയോടെയാണ് ആയിഷയും വിനോദും എന്റെ നെഞ്ചിൽ കേറി പറ്റിയത്.

ആയിഷേനെ പോലെരു പെണ്ണിന്റെ പിന്നാലെ നടക്കണ നൂറുകണക്കിന് ആൺപിള്ളേരിൽ ഒരുത്തൻ മാത്രമാണ് നീ എന്ന മനോജിന്റെ വാക്കിൽ എല്ലാം ശരിയാ പക്ഷേ മനസ്സീന് എടുത്ത് കളയണതിന് മുമ്പ്  ഒരു പ്രാവശ്യം കൂടി അവളെ കാണണം എന്ന് തീരുമാനിച്ച് ആയിഷയെ കാണാൻ പോകുന്ന വിനോദ്. പറയാനുള്ളതെല്ലാം ഒരു കത്തിൽ എഴുതി അവന്റെ ബൈക്കിൽ വെക്കുന്നു ആയിഷ.

"കളങ്ങളിൽ അക്ഷരങ്ങൾ ഒളിപ്പിച്ചപ്പോഴും, ഓഡിറ്റോറിയത്തിൽ വെച്ച് തട്ടമിടാൻ പറഞ്ഞപ്പോഴും, സംസാരിക്കാനറിയാതെ പകച്ച് നിന്നപ്പോഴും, ശല്യം ചെയ്തവരെ ശകാരിച്ചപ്പോഴും, മതില് ചാടിവന്ന് എന്നെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോഴും, അസൂയയും ദേഷ്യവും മറച്ചുവെച്ച് നല്ലവനായി അഭിനയിക്കാതിരുന്നപ്പോഴും ആത്മാർഥമായി എന്നെ സ്നേഹിക്കുന്നൊരാളെ ഞാൻ കണ്ടു. അയാളുടെ ജാതി, മതം, ജീവിതം ചുറ്റുപാട് ഒന്നും എനിക്ക് അറിയില്ല. പക്ഷേ മരിച്ചുപോയ എന്റെ ഉമ്മക്ക് ശേഷം സ്നേഹംകൊണ്ട് സ്വാദീനിച്ച മറ്റാരുമെന്റെ ജീവിതത്തിലുണ്ടായിട്ടില്ല."



വിനോദിനോടുള്ള തന്റെ സ്നേഹം അറിയിക്കുന്ന ആയിഷയുടെ പ്രേമലേഖവും അത് വായിച്ചപ്പോൾ ഒരുമാതിരി സൈമണ്ട്സിന്റെ വിക്കറ്റ് കിട്ടിയ ശ്രീശാന്തിനെ പോലെ എന്തൊക്കെയോ കാട്ടിക്കൂട്ടുന്ന ഉന്മാദനായ വിനോദും നമ്മളേയും കൂടെ സന്തോഷത്തിന്റെ ഉന്നതിയിൽ എത്തിക്കുന്നുണ്ട്

സിനിമയുടെ ക്ലൈമാക്സ് ആകാറായപ്പോഴേക്കും യാത്രയും അവസാനിച്ച് സ്കൂളിലെത്തി ബസ്സ് നിർത്തിയപ്പോഴാണ് ശരിക്കും സങ്കടം വന്നത്.  പിന്നീട്  2012 ഡിസംബർ 31 ന് രാത്രി സൂര്യാ ടിവിയിൽ വന്നപ്പോളാണ് സിനിമയുടെ ബാക്കി ഭാഗം കണ്ടത്.

"പുന്നേപ്പടി ഗോപാലൻ മാഷിന്റെ വീട്ടില് നിസ്ക്കാര പായ വിരിക്കാൻ ഒരു മുറിയൊഴിച്ച് തരുവോ ? "  എന്ന ആയിഷയുടെ ചോദ്യവും വിനോദിന്റെ മനസ്സ് നിറഞ്ഞ മൂളലും പിന്നെ ആ ബാഗ്ഗ്രൗണ്ട് സ്കോറും കൂട്ടുകാരുടെ മതിമറന്ന സന്തോഷ പ്രകടനവും എല്ലാം കൂടി ചേർന്ന് നമ്മളേയും സന്തോഷത്തിന്റെ കൊടുമുടി കയറ്റി മനസ്സു നിറച്ച് ആർപ്പുവിളിപ്പിക്കും.


തട്ടത്തിൽ മറയത്ത് കണ്ടാൽ ആർക്കായാലും ഒന്ന് പ്രേമിക്കാൻ തോന്നും ! എന്ന് പലരും പലപ്പോഴായി പറയുകയും കേൾക്കുകയും ചെയ്തിട്ടുണ്ടാകും.

പിന്നീട് ഈ സിനിമയോ ഇതിലെ പാട്ടുകളോ കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്ക് അരിച്ചിറങ്ങുന്നത് ആ മൂന്നാറിലെ തണുപ്പും പത്താം ക്ലാസ്സ് ഓർമ്മകളുമാണ്.

കേരളക്കരയിൽ യുവാകളെ ഒന്നടക്കം പ്രണയത്തിന്റെ പുത്തൻ അനുഭവങ്ങൾ പകർന്നു നൽകിയ വിനീത് ശ്രീനിവാസൻ ഫീൽ ഗുഡ്  റൊമാന്റിക്ക് മ്യൂസിക്കൽ മാജിക്ക്.

അതെ, തട്ടം വല്ലാതൊരു വീക്ക്നെസ്സാ..

Comments

Top Stories