തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്കൊപ്പം ട്വന്റി 20 യും പിന്മാറി
8-05-2022
കൊച്ചി: വരാനിരിക്കുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പ്രാധാന്യമില്ലാത്തതിനാൽ മത്സരിക്കേണ്ടതില്ലെന്ന് ട്വന്റി 20യും സഖ്യകക്ഷിയായ ആം ആദ്മി പാർട്ടിയും (എഎപി) സംയുക്തമായി തീരുമാനിച്ചതായി പ്രഖ്യാപിച്ചു.
കോൺഗ്രസ് നേതാവ് പി ടി തോമസിന്റെ മരണത്തെത്തുടർന്ന് ഉപതിരഞ്ഞെടുപ്പിൽ നിന്നും
എഎപി-ട്വന്റി 20 സഖ്യം പിന്മാറിയതോടെ തൃക്കാക്കര സീറ്റിൽ യു.ഡി.എഫും എൽ.ഡി.എഫും ബി.ജെ.പിയും തമ്മിൽ ത്രികോണ മത്സരമാകും നടക്കുക.
ട്വന്റി 20 സ്ഥാപകനും പാർട്ടി പ്രസിഡന്റും കിറ്റെക്‌സ് ഗാർമെന്റ്‌സിന്റെ എംഡിയുമായ സാബു ജേക്കബ് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഉപതിരഞ്ഞെടുപ്പിനായി തങ്ങൾ നന്നായി തയ്യാറായിട്ടുണ്ട് എന്ന് മാധ്യമങ്ങളോട് പറഞ്ഞത്.
കഴിഞ്ഞ വർഷം തൃക്കാക്കര സീറ്റിൽ മത്സരിക്കാൻ പാർട്ടി തീരുമാനിച്ചത് അവസാന നിമിഷമായിരുന്നുവെന്നും അങ്ങനെയാണെങ്കിലും 14,000 ത്തോളം വോട്ടുകൾ നേടിയത് ജനങ്ങൾക്ക് എന്താണ് വേണ്ടതെന്ന് സൂചിപ്പിക്കുന്നതാണെന്നും ഇത്തവണ അവർ നന്നായി തയ്യാറെടുത്തുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഒരു നല്ല സ്ഥാനാർത്ഥിയെ കണ്ടെത്തുക മാത്രമാണ് ഇനി ചെയ്യാനുള്ളത്, 3-4 പേരുകൾ പരിഗണനയിലുണ്ടെന്നും അദ്ദേഹം അറിയിച്ചിരുന്നു.
ഇപ്പോൾ, നാമനിർദേശ പത്രിക സമർപ്പിക്കാൻ മൂന്ന് ദിവസം മാത്രം ബാക്കിനിൽക്കെ, യു.ഡി.എഫും എൽ.ഡി.എഫും ബി.ജെ.പിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് എഎപി-ട്വന്റി 20 സഖ്യം മത്സരത്തിൽ നിന്ന് പിന്മാറാനും പകരം സംഘടനാ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും തീരുമാനിച്ചത്.
ഉപതിരഞ്ഞെടുപ്പ് ഫലം സംസ്ഥാന രാഷ്ട്രീയത്തിൽ മുന്നേറ്റമുണ്ടാക്കുമെന്നോ അതിന് രാഷ്ട്രീയ പ്രാധാന്യമുണ്ടെന്നോ ഇരുപാർട്ടികളും വിശ്വസിക്കുന്നില്ലെന്നും അതിനാലാണ് മത്സരരംഗത്ത് ഇറങ്ങേണ്ടതില്ലെന്ന് സംയുക്തമായി തീരുമാനിച്ചതെന്നും സാബു ജേക്കബ് പറഞ്ഞു.
മെയ് 15 ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഒരു കൺവെൻഷനിൽ പങ്കെടുക്കാൻ കേരളത്തിൽ എത്തുന്നുണ്ട് അത് വിജയിപ്പിക്കാനാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ എൻ രാധാകൃഷ്ണനെ സ്ഥാനാർത്ഥിയാക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
പി ടി തോമസിന്റെ വിധവയായ യു ഡി എഫ് സ്ഥാനാർത്ഥി ഉമാ തോമസിനും സംസ്ഥാനത്തെ പ്രമുഖ ഹൃദ്രോഗ വിദഗ്ധനുമായ എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ ജോ ജോസഫ് എന്നിവർക്കെതിരെയാണ് അദ്ദേഹം മത്സരിക്കുന്നത്.
Comments