കല്പകതുണ്ടുകൾ

കാലത്തിൻ്റെ കടന്നു പോക്കിൽ തുരുമ്പിച്ച ചില വാതിലുകൾ തുറക്കുമ്പോൾ അകത്ത് മാറാലയും പൊടിയും പിടിച്ച് കിടക്കുന്ന പുസ്തങ്ങളുടെ ഇടയിൽ നിന്നും ഞാൻ ആ ചെറിയ തകിടു പെട്ടി കയ്യിലെടുത്തു. പതിയെ അതിനു

മുകളിലെ പൊടി ഊതി കളഞ്ഞപ്പോൾ
ഇരുണ്ട വെളിച്ചത്തിൽ പ്രകാശഭരതിമായ പുഞ്ചിരിയുമായി അത് എന്നെതന്നെ ഉറ്റുനോക്കി.
മരവിച്ച ഓർമ്മകൾക്ക് ജീവൻ വെയ്ക്കുകയാണ്.
മാറാലയും പൊടിപടലങ്ങളും മാഞ്ഞു തൂവെള്ള അപ്പൂപ്പൻ താടിയും മഞ്ചാടിക്കുരുക്കളുമാണ് ഇപ്പോൾ ഇവിടെയുള്ളത്.
തൊട്ടടുത്ത മേശപ്പുറത്ത് മഷികുപ്പിയും ഹീറോ പേനയും വെള്ള കടലാസുമുണ്ട്. അടുത്തുചെന്ന് അവയെ മെല്ലെ തലോടി മഷിയുടെ ഗന്ധം ആസ്വദിച്ച് ലയിച്ച് നിന്നപ്പോൾ മനസ്സ് വീണ്ടും പിന്നോട്ടോടി.
ഇപ്പോൾ മുറിയിൽ മണ്ണെണ്ണ വിളക്കിൻ്റെ അരണ്ട വെളിച്ചത്തിൽ സ്ലേറ്റും കല്ലുപെൻസിലും കാണും. സ്ലേറ്റിലെ തെറ്റുകൾ മായ്ക്കാൻ കരുതിയിരുന്ന നീരു വറ്റിയ മഷിതണ്ടിനെ ഞാൻ എൻ്റെ കീശയിൽ പരതി. കൈയ്യിൽ തടഞ്ഞ സ്മാർട്ട് ഫോൺ ഉറക്കെ മന്ത്രിച്ചു. കല്ലുപെൻസിലും മഷിത്തണ്ടുമില്ല, അപ്പൂപ്പൻതാടിയും മഞ്ചാടിക്കുരുക്കളുമില്ല...
തുരുമ്പിച്ച വാതിലിനുള്ളിൽ മാറാലകൾ മാത്രം.

Comments

Top Stories