കേന്ദ്ര ബജറ്റ് 2022 വിശകലന യോഗം
നാഷ്ണലിസ്റ്റ് കോൺഗ്രസ് പാർട്ടി എറണാകുളം ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര ബജറ്റ് 2022 വിശകലന യോഗം ഐബിസ് ഹോട്ടലിൽ വെച്ച് സംഘടിപ്പിച്ചു. എൻ.സി.പി എറണാകുളം ബ്ലോക്ക് പ്രസിഡന്റ് ശ്രീ. കുര്യൻ അബ്രഹാം സ്വാഗതം ആശംസിച്ചു. എസ്.ഐ.ആർ.സി മുൻ ചെയർമാന്മാരായ ശ്രീ. ജോമോൻ കെ ജോർജ് , പി.ടി ജോയ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. മുൻ ധനകാര്യമന്ത്രി ഡോ.ടി.എം തോമസ് ഐസക്ക് മുഖ്യാഥിതിയായി , എൻ.സി.പി സംസ്ഥാന പ്രസിഡന്റ് ശ്രീ. പി.സി ചാക്കോ നന്ദി പ്രഭാഷണം അറിയിച്ചു.
കേവലം റോഡ് ഉപരോധത്തിനും തർക്കം നടത്താനും വേണ്ടിയാണ് രാഷ്ട്രീയ പാർട്ടികൾ എന്ന ചിന്താഗതിക്ക് അപ്പുറം നിന്നുകൊണ്ട് വ്യക്തിതലങ്ങളിലും സാമൂഹിക തലങ്ങളിലും ചർച്ചചെയ്യപ്പെടേണ്ട വിഷയമായ ബജറ്റിനെ വിശകലനം ചെയ്യുകയാണ് എൻ.സിപി. വിവിധ രാഷ്ട്രീയ സാമൂഹിക നേതാക്കന്മാർ, ഉന്നത ഉദ്ദോഗസ്ഥർ, അധ്യാപകർ, വിദ്യാർഥികർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
ശ്രീ. ജോമോൻ കെ.ജോർജ് കേന്ദ്ര ധനകാര്യമന്ത്രി ശ്രീമതി. നിർമ്മലാ സീതാരാമൻ പേപ്പർലെസ്സ് ബജറ്റിലൂടെ അവതരിപ്പിച്ച പദ്ധദികളെ പരിചയപ്പെടുത്തി സംസാരിച്ചു. വരാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുകൊണ്ട് ജനകീയമായ ഒരു ബജറ്റ് എന്നതിന് വ്യത്യസ്തമായി ഒരു ദീർഘകാലത്തെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ബജറ്റാണ് ഇത്തവണത്തേത്. ഓഹരി വിപണി സൂചിക, ജിഎസ്ടി കളക്ഷൻ, ചരക്ക് ഗതാഗതം എന്നിവയെ ആധാരമാക്കി കോവിഡ് പ്രതിസന്ധിക്ക് ശേഷം രാജ്യത്ത് എല്ലാം സാധാരണ നിലയ്ക്കായി എന്ന മട്ടിലാണ് കേന്ദ്ര ബജറ്റ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
രാജ്യത്തിന്റെ സമ്പദ്‌ഘടന അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളോട് പ്രതികരികാനുള്ള സർക്കാറിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉപകരണമാണ് ബജറ്റ്.
മാന്ദ്യത്തിൽ നിന്നും കരകയറാത്ത സമ്പദ്ഘടനയും വിലക്കയറ്റവുമാണ് ഇപ്പോഴത്തെ പ്രധാനപ്പെട്ട രണ്ട് പ്രശ്നങ്ങൾ. രാജ്യത്ത് കയറ്റുമതിയും നിക്ഷേപവും കൂടുന്നുണ്ട് എന്നാൽ ഉപഭോഗ ഡിമാന്റ് 2019 ലേതിനെക്കാളും താഴെയാണ്. ഈ ഡിമാന്റ് ഗ്യാപ് ഇല്ലാതാക്കിയാലേ സമ്പദ്ഘടന ശക്തിപ്രാപിക്കൂ അതിനായി ബജറ്റിൽ ചിലവ് വർധിപ്പിക്കണം എന്നാൽ ബജറ്റിന്റെ മൊത്തം ചിലവ് കഴിഞ്ഞ വർഷത്തേക്കാൾ 4.6 % മാത്രമേ കൂടുതലായുള്ളൂ. വിലക്കയറ്റം അഞ്ച് ശതമാനത്തിലും മുകളിലാണ് അതായത് വിലക്കയറ്റത്തിന്റെ തോതിൽ പോലും ബജറ്റിന്റെ അടങ്കലിൽ പ്രവർത്തനമില്ല എന്ന് ഡോ.തോമസ് ഐസക്ക് വിലയിരുത്തി. ബജറ്റിൽ പറയുന്നത് അടുത്ത വർഷം എട്ട് ശതമാനത്തിൽ കൂടുൽ വളർച്ച ഉണ്ടാകുമെന്നാണ് എന്നാൽ അടങ്കലിൽ കൂടുന്നത് 4.6 % മാത്രമാണ്. രാജ്യത്തിന്റെ മുഴുവൻ ജിഡിപിയുടെ ശതമാനം വെച്ച് നോക്കിയാൽ ബജറ്റ് ചെറുതായി. നിലവിലുള്ള പ്രതിസന്ധി സാഹചര്യത്തിൽ ചെയ്യാൻ പാടില്ലാത്തതെന്താണോ അതാണ് ബജറ്റിൽ ചെയ്തത്. മൊത്തം ചിലവ് കൂടുന്നില്ലെങ്കിലും മൂലധന ചിലവ് വർധിപ്പിച്ചിട്ടുണ്ട് എന്നത് പ്രതീക്ഷ നൽകുന്നു. റോഡുകൾ റയിൽവേ എന്നിവയെല്ലാം വലിയതോതിൽ പണിയുമ്പോൾ അതിന്റെ ഉണർവ് സമ്പദ്ഘടനയിൽ പ്രതിഫലിക്കും.എന്നാൽ അതിനുള്ള പണം കണ്ടെത്തുന്നത് സാധാരണക്കാരന് കിട്ടേണ്ടുന്ന ആനുകൂല്യങ്ങളും സാമൂഹികക്ഷേമ ചിലവുകളിൽ നിന്നും വെട്ടിപിടിച്ചുകൊണ്ടാണ്.
കാർഷിക മേഖലക്കുള്ള വിലയിരുത്തലും ഭക്ഷ്യ സബ്സിഡിയും വളം സബ്സിഡിയും ചേർത്ത് കണക്കാക്കുമ്പോൾ ഈ വർഷം കാർഷിക മേഖലക്ക് കഴിഞ്ഞ വർഷത്തേക്കാൾ പത്ത് ശതമാനം കുറവാണ് വകയിരുത്തിയിരിക്കുന്നത്. ഡെഡ് ഫിനാൻസിങ് മെത്തേഡ് വഴി പണം കണ്ടെത്തണം. കടം വാങ്ങി ദൈന്യംദിനക്ഷേമ ചിലവുകൾ നടത്തരുത് പകരം അത് അടിസ്ഥാനസൗകര്യ വികസനങ്ങൾക്ക് ഉപയോഗിക്കുന്നതിലൂടെ വരുമാനം വർധിക്കും.
1991-ൽ ഇന്ത്യയിലെ സമ്പന്നരായ ഒരു ശതമാനം ആളുകളുടെ കൈയ്യിൽ ആയിരുന്നു ഇന്ത്യയുടെ സ്വത്തിന്റെ 16 ശതമാനം എന്നാൽ ഇന്ന് അത് 45 ശതമാനമാണ്. രാജ്യത്തെ ഏറ്റവും താഴ തട്ടിലുള്ള 50 ശതമാനം ആളുകളുടെ കയ്യിൽ ആയിരുന്നു രാജ്യത്തിന്റെ സ്വത്തിന്റെ 8.8 % എന്നാൽ ഇന്ന് അത് വെറും 2.8 % ആണ്. രാജ്യത്ത് ഇത്രയധികം അസമത്വം നിലനിൽക്കുന്നു. ഇന്നത്തെ അന്നത്തിന് ചോദിക്കുമ്പോൾ ഇനി 25 വർഷം കഴിഞ്ഞാൽ ഇവയെല്ലാം നിങ്ങളുടേതാകും എന്നതാണ് മറുപടി. ഇതു തന്നെ എല്ലാം വ്യക്തമാക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.
അഞ്ച് കോടി കൊണ്ട് മുപ്പത്തിഎട്ട് ലക്ഷം കോടിയുടെ ആസ്തി ഉണ്ടാക്കിയ LIC വിൽക്കുന്നു.പൊതുമേഖലാ സ്ഥാപനങ്ങളെ മൂല്യം കുറച്ച് സ്വകാര്യ കമ്പനികൾക്ക് വിറ്റ് പെട്ടന്ന് പണം ഉണ്ടാക്കുവാനും മുതലാളിമാരെ സന്തോഷിപ്പിക്കാനും ശ്രമിക്കുന്നതിനോടുമുള്ള വിയോജിപ്പും അദ്ദേഹം രേഖപ്പെടുത്തി. ഇന്ത്യ കാർഷിക രാജ്യമാകണോ വ്യവസായ രാജ്യമാകണോ എന്ന ചോദ്യത്തിന് ഇന്ത്യ കാർഷി സംസ്കരണ വ്യവസായങ്ങളുടെ ഒരു രജ്യമായി നിൽക്കണമെന്ന് അദ്ദേഹം മറുപടി നൽകി.
ഇന്ത്യയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ച ശ്രീ.ഷൺമുഖം ഷെട്ടിയിൽ തുടങ്ങി ശ്രീമതി നിർമ്മലാ സീതാരാമന്റെ പേപ്പർലെസ്സ് ബജറ്റ് വരെയുള്ള ചരിത്രത്തിന്റെ ഏടുകളിലൂടെ ശ്രീ. പി.ടി ജോയ് തന്റെ പ്രഭാഷണത്തിൽ സഞ്ചരിച്ചു. ഈ വർഷത്തെ ബജറ്റിൽ അവതരിപ്പിചിരിക്കുന്ന വ്യവസായരംഗത്തെ മാറ്റങ്ങൾ, ഡിജിറ്റൽ ആസ്തി,വസ്തു ഇടപാടുകൾ, ഇൻകം ടാക്സ് എന്നിവയുടെ പുതുക്കിയ നിയമങ്ങളും മാറ്റങ്ങളും അദ്ദേഹം വിശദീകരിച്ചു.
എൻ.സി.പി സംസ്ഥാന പ്രസിഡന്റ് ശ്രീ.പി.സി.ചാക്കോ നന്ദി പ്രഭാഷണം നടത്തി. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വർധിക്കുന്നു എന്ന ആശങ്കയും അദ്ദേഹം രേഖപ്പെടുത്തി.
Comments